Header Ads

കണ്ണൂർക്കാരുടെ വിരൽത്തുമ്പിൽ... നേരോടെ എന്നും....

✅കണ്ണൂർ ഡെയിലി ന്യൂസിലേക്ക് നിങ്ങൾക്കും നാട്ടിലെ വാർത്തകൾ അയക്കാം. വാർത്തകൾ +91 9562 392 424 എന്ന വാട്സാപ്പ് നമ്പറിലേക്കോ kannurdailynews@gmail.com എന്ന മെയിലിലേക്കോ അയക്കാവുന്നതാണ്.
  • Breaking News

    അവരെ വീട്ടില്‍നിന്ന് പറഞ്ഞയക്കാനാകില്ല'; മരുമകള്‍ മുസ്ലിമായതിന് പൂരക്കളി കലാകാരന് ക്ഷേത്രവിലക്ക്‌.



    അവരെ വീട്ടില്‍നിന്ന് പറഞ്ഞയക്കാനാകില്ല'; മരുമകള്‍ മുസ്ലിമായതിന് പൂരക്കളി കലാകാരന് ക്ഷേത്രവിലക്ക്‌.

              


    ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും പൂരക്കളിപ്പാട്ടിന്റെയും മറത്തുകളിയുടെയും ആരവങ്ങള്‍ മുഴങ്ങുമ്പോള്‍ കണ്ണൂരിലെ ഒരു പൂരക്കളി കലാകാരന്‍ മാത്രം ഈ ആരവങ്ങളില്‍ നിന്നെല്ലാം നിര്‍ബന്ധപൂര്‍വ്വം വിട്ടുനില്‍ക്കുകയാണ്. കരിവെള്ളൂര്‍ കുതിരുമ്മലയിലെ പൂരക്കളി കലാകാരന്‍ വിനോദ് പണിക്കരെയാണ് പ്രദേശത്തെ ക്ഷേത്ര ഭാരവാഹികള്‍ പൂരക്കളിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത്. മകന്‍ മറ്റൊരു മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിലാണ് ക്ഷേത്ര ഭാരവാഹികള്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് വിനോദിന്റെ ആരോപണം. 


    പൂരക്കളിയുടെ ഈറ്റില്ലമായ കരിവെള്ളൂരില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഈ രംഗത്തെ സജീവ സാന്നിധ്യമാണ് വിനോദ് പണിക്കര്‍. മകന്റെ വിവാഹത്തിന് പിന്നാലെ സ്വന്തം നാട്ടിലെ രണ്ട് ക്ഷേത്രങ്ങളിലെ പൂരക്കളിയില്‍ നിന്നാണ് വിനോദ് മാറ്റിനിര്‍ത്തപ്പെട്ടത്. ആദ്യം വീടിനോട് ചേര്‍ന്നുള്ള വാണിയില്ലം സോമേശ്വരി ക്ഷേത്രത്തില്‍ നിന്നാണ് മരുമകളുടെ മതത്തിന്റെ പേരില്‍ വിലക്ക് നേരിടേണ്ടി വന്നതെങ്കില്‍, പരിസര പ്രദേശത്തെ കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്നാണ് ഏറ്റവുമൊടുവില്‍ വിലക്ക് നേരിട്ടതെന്നും വിനോട് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.


    ഈ വര്‍ഷത്തെ ഉത്സവകാലത്ത് കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലാണ് വിനോദ് കളിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആചാരങ്ങള്‍ തെറ്റിച്ച് അന്യമതത്തിലുള്ള പെണ്‍കുട്ടി കഴിയുന്ന വീട്ടില്‍നിന്ന് പണിക്കരെ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അവരെ വീട്ടില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെട്ടതായി വിനോദ് പറഞ്ഞു. അതിന് തയ്യാറാകാത്തതിനാലാണ് തന്നെ വിലക്കിയതെന്നും കഴിഞ്ഞവര്‍ഷം വാണിയില്ലം സോമേശ്വരി ക്ഷേത്രത്തില്‍നിന്നും ഇതേ അനുഭവമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.


          _'ഇഷ്ടപ്രകാരം വിവാഹം കഴിച്ച മകനേയും മരുമകളേയും വീട്ടില്‍നിന്ന് മാറ്റിനിര്‍ത്തി ക്ഷേത്രത്തില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. അവരെ വാടകവീട്ടിലേക്കോ മറ്റോ മാറ്റി താമസിക്കാനാണ് ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിനുള്ള സൗകര്യങ്ങള്‍ എനിക്കില്ല', വിനോദ് പറഞ്ഞു.


               പ്രശ്‌നങ്ങളുടെ തുടക്കം


    കരിവെള്ളൂരിലെ ക്ഷേത്രങ്ങളില്‍ പൂരോത്സവത്തിനായി നാലും അഞ്ചും വര്‍ഷം മുമ്പേ സമുദായ സംഘം പണിക്കന്‍മാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്. കരിവെള്ളൂര്‍ സോമേശ്വരി ക്ഷേത്രത്തിലും കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും പൂരക്കളിക്കും മറത്തുകളിക്കും ഇത്തരത്തില്‍ നിശ്ചയിച്ചത് വിനോദിനെയായിരുന്നു. ഇതിനിടെയാണ് 2018ല്‍ വിനോദിന്റെ മകന്‍ ഇതരമതസ്ഥയായ യുവതിയെ വിവാഹം കഴിച്ചത്. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹത്തിന് പിന്നാലെ സോമേശ്വരി ക്ഷേത്ര ഭാരവാഹികളില്‍  ചിലര്‍ വരാന്‍പോകുന്ന ഉത്സവവേളയില്‍ പൂരക്കളിയില്‍ പങ്കെടുക്കുമ്പോഴുണ്ടായേക്കാവുന്ന പ്രതികൂല സാഹചര്യത്തെ കുറിച്ച് വിനോദിനോട് സംസാരിച്ചു. ഈ അവസരത്തില്‍ മകനേയും മരുമകളേയും വീട്ടില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ അതിന് തയ്യാറാകാതിരുന്നതോടെ തന്നെ മാറ്റിനിര്‍ത്തി മറ്റൊരു കലാകാരനെ കണ്ടെത്തി പൂരോത്സവം നടത്തിയെന്നും വിനോദ് പറഞ്ഞു.


    സേമേശ്വരി ക്ഷേത്ര നടപടിയുടെ ചുവടുപിടിച്ചുതന്നെയാണ് ഈ വര്‍ഷം കുണിയന്‍ പറമ്പത്ത് ക്ഷേത്ര ഭാരവാഹികളും വിലക്കേര്‍പ്പെടുത്തിയത്. പല ആചാര അനുഷ്ഠാനങ്ങളിലും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ക്ഷേത്രങ്ങളായതിനാല്‍ നേരത്തെ വിനോദിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ക്ഷേത്ര കമ്മിറ്റി കൈക്കൊണ്ട നിലപാട് തങ്ങള്‍ക്ക് മാറ്റാനാവില്ലെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. എന്നാല്‍ മകന്റെ വിവാഹ ശേഷവും നിരവധി ക്ഷേത്രങ്ങളില്‍ ആചാര പ്രകാരംതന്നെ താന്‍ മറത്തുകളി നടത്തിയിട്ടുണ്ടെന്നും കരിവെള്ളൂരിലെ ഈ രണ്ട് ക്ഷേത്രങ്ങളില്‍ മാത്രമാണ് വിലക്കുണ്ടായതെന്നും വിനോദ് പറഞ്ഞു.


    മകന്‍ അന്യമതസ്ഥയായ കുട്ടിയെ വിവാഹം ചെയ്തതുകൊണ്ട് എല്ലാ ക്ഷേത്ര ചിട്ടവട്ടങ്ങളും അനുസരിക്കുന്ന പൂര്‍ണ വിശ്വാസിയായ തന്നെയെന്തിനാണ് ശിക്ഷിക്കുന്നതെന്നാണ് വിനോദ് ചോദിക്കുന്നത്. വിലക്ക് നേരിട്ടപ്പോള്‍തന്നെ വിഷയം സിപിഎം പ്രാദേശിക നേതാക്കളെയും മറ്റും അറിയിച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ട ആരും അന്നൊന്നും വിഷയത്തില്‍ ഇടപെട്ടിട്ടില്ല, അതെന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും വിനോദ് പറഞ്ഞു.


       ആചാരമുദ്ര പവിത്രം, ആചാരം തെറ്റിക്കാനാകില്ല


    പൂരോത്സവം തുടങ്ങുന്നതിന് മുമ്പ് ക്ഷേത്ര ആചാരക്കാരും ഭാരവാഹികളും പണിക്കരുടെ വീട്ടില്‍ പോയാണ് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് കളിക്കാന്‍ കൂട്ടിക്കൊണ്ടുവരിക. ഇത് വര്‍ഷങ്ങളായി പിന്തുടര്‍ന്നുവരുന്ന ചടങ്ങാണ്. ഈ സമയത്ത് ക്ഷേത്ര വിശ്വാസികള്‍ പവിത്രമായി കരുതിപ്പോരുന്ന ആചാരമുദ്ര പൂജാമുറിയില്‍ വെക്കുക എന്നൊരു കര്‍മ്മം കൂടിയുണ്ട്. അന്യമതസ്ഥയായ ഒരാള്‍ കഴിയുന്ന വീട്ടില്‍ ആ കര്‍മ്മം നടത്താന്‍ പറ്റില്ലെന്നും തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന പണിക്കരുടെ അമ്മ താമസിക്കുന്ന വീട്ടില്‍വെച്ച് കര്‍മ്മം നടത്തി ഒരുവിട്ടുവീഴ്ച വേണമെന്നും വിനോദിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ലെന്നും കുണിയന്‍ പറമ്പത്ത് ക്ഷേത്ര ഭാരവാഹിയായ ശശി പറഞ്ഞു.


    ഇക്കാര്യം വാക്കാല്‍ മാത്രമേ വിനോദിനോട് പറഞ്ഞിട്ടുള്ളുവെന്നും യാതൊരു വിധത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരിവെള്ളൂര്‍ ആയതുകൊണ്ടാണ് ചിലര്‍ ഈ വിഷയം ഇത്രയേറെ വിവാദമാക്കിയതെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.


    അന്യമതത്തിലുള്ള യുവതി വീട്ടിലുള്ളതിനാല്‍ ആചാരങ്ങള്‍ക്ക് തടസമാണ്. ആവശ്യമായ ബദല്‍ മാര്‍ഗവും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ തയ്യാറാകാത്തതിനാലാണ് മറ്റൊരു കലാകാരനെ കണ്ടെത്തി പൂരക്കളിക്ക് നിയോഗിച്ചതെന്നുമാണ് ക്ഷേത്ര ഭാരവാഹികളുടെ നിലപാട്. വിശ്വാസത്തില്‍ അധിഷ്ഠിതമായി, നൂറ്റാണ്ടുകളായി തുടരുന്ന ക്ഷേത്രാചാരങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ലംഘിക്കാന്‍ കഴിയില്ല. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ തയ്യാറാണെന്നും ഭാരവാഹികള്‍ പറഞ്ഞു.


         എവിടെയാണ് ആചാരലംഘനം


          "അന്യമതത്തിലുള്ള കുട്ടി തന്റെ വീട്ടിലുള്ളതില്‍ എന്താണ് ദോഷമെന്നും അത് ആചാരത്തെ എങ്ങനെ ബാധിക്കുമെന്നും ഇതുവരെ മനസിലായിട്ടില്ല. ഇക്കാര്യത്തില്‍ ദേവീ കോപമോ ആചാര ലംഘനമോ ഉണ്ടെന്ന് തോന്നിയിട്ടില്ല. ആചാരങ്ങളെല്ലാം ജനങ്ങളുടെ നന്മയ്ക്കായിരിക്കണം. ഇക്കാര്യത്തില്‍ പുനര്‍ചിന്ത ആവശ്യമാണെന്നും വിനോദ് ആവശ്യപ്പെട്ടു."


    ക്ഷേത്ര കമ്മിറ്റിക്കാരില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. ഇവിടെയുള്ള പ്രശ്‌നം രാഷ്ട്രീയമല്ല. സംഭവത്തില്‍ ഇതുവരെ ഒരിടത്തും പരാതിയായി നല്‍കിയിട്ടില്ല. നല്‍കണമെന്ന് കരുതുന്നുമില്ല. ഇക്കാര്യങ്ങള്‍ ഇത്രവലിയ പ്രശ്‌നമാക്കേണ്ടിയിരുന്നില്ലെന്നും വിഷയം ആലോചിച്ച് ചര്‍ച്ചചെയ്ത്‌ പരിഹരിക്കാമെന്ന് പറഞ്ഞ് രണ്ട് ക്ഷേത്രത്തിലെയും ചില ഭാരവാഹികള്‍ കഴിഞ്ഞ ദിവസം ബന്ധപ്പെട്ടിരുന്നുവെന്നും വിനോദ് പറഞ്ഞു.


         വിലക്കിനെതിരേ പ്രതിഷേധം, പിന്തുണ


     ജന്മിത്വത്തിനും ജാതി വ്യവസ്ഥയ്ക്കുമെതിരേ നടന്ന നിരവധി സമരങ്ങളുടെ ചരിത്രമുറങ്ങുന്ന കരിവെള്ളൂരില്‍ വിചിത്രമായ ക്ഷേത്ര വിലക്ക് ഇതിനകം തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്. വിഷയത്തില്‍ യുവജന സംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലും നിരവധി പേര്‍ വിനോദ് പണിക്കര്‍ക്ക് പിന്തുണയുമായി കുറിപ്പുകളെഴുതി. വിലക്ക് പുനഃപരിശോധിച്ച് അടിയന്തരമായ തിരുത്തല്‍ വരുത്തണമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്ന ആവശ്യം.


    സിപിഎം നേതാവയ എം.വി. ജയരാജന്‍ ബുധനാഴ്ച വിനോദിന്റെ വീട്ടില്‍ നേരിട്ടെത്തി അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കി. മകന്‍ മിശ്രവിവാഹം നടത്തിയതിന്റെ പേരില്‍ പൂരക്കളി പണിക്കര്‍ക്ക് ചില ക്ഷേത്രഭാരവാഹികള്‍ വിലക്കേര്‍പ്പെടുത്തിയത് സമൂഹം അംഗീകരിക്കില്ലെന്നും അയിത്തം കല്‍പ്പിക്കപ്പെട്ട വിനോദിന് പാര്‍ട്ടി ഇടപെട്ട് മറത്തുകളിക്ക് വേദി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 


           എന്താണ് പൂരക്കളി മറത്തുകളി


    _പൂരോത്സവത്തോട് അനുബന്ധിച്ച് ഉത്തര മലബാറിലെ കാവുകളിലും ക്ഷേത്രങ്ങളിലും നടക്കുന്ന പ്രധാന ആചാരങ്ങളില്‍ ഒന്നാണ് മറത്തുകളി. ക്ഷേത്രങ്ങളില്‍ മറത്തുകളിയുടെ ഭാഗമായി പൂരക്കളിയും അരങ്ങേറും. ഏഴുദിവസങ്ങളിലായി നടക്കുന്ന പൂരത്തോടനുബന്ധിച്ച് നാലാം നാളിലും രണ്ടാംനാളിലുമാണ് മറത്തുകളി. ക്ഷേത്രങ്ങളും കരക്കാരുമായി തിരിഞ്ഞാണ് മത്സരം. തര്‍ക്കം, കാവ്യം. വ്യാകരണം, അലങ്കാരം തുടങ്ങി സമഗ്ര മേഖലകളേയും അടിസ്ഥാനമാക്കിയാണ് മറത്തുകളി. പണിക്കന്‍മാരുടെ സംവാദത്തിന് ശേഷം പൂരക്കളി അരങ്ങിലെത്തും. രാവിലെ തുടങ്ങി പുലരുവോളം നീളുന്നതാണ് ചടങ്ങുകള്‍. ഉപചാരം ചൊല്ലി പിരിയുന്നതോടെ ഒരുവര്‍ഷത്തെ മറത്തുകളി അവസാനിക്കും.

    No comments

    Post Top Ad

    Post Bottom Ad