🏏IPL 2021-SRH vs RR Score Updates:
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ഏഴ് വിക്കറ്റ് ജയം. രാജസ്ഥാനുയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 18.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി.
ഹൈദരാബാദിന് വേണ്ടി ഓപ്പണർ ജേസൺ റോയും നായകൻ കെയ്ൻ വില്യംസണും അർദ്ധ സെഞ്ചുറി നേടി. ജേസൺറോയ് 42 പന്തിൽ നിന്ന് എട്ട് ഫോറും ഒരു സിക്സുമടക്കം 60 റൺസ് നേടിയപ്പോൾ വില്യംസൺ പുറത്താകാതെ 41 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്സും അടക്കം 51 റൺസ് നേടി.
വൃദ്ധിമാൻ സാഹ 11 പന്തിൽ നിന്ന് 18 റൺസെടുത്തും പ്രിയം ഗാർഗ് റൺ നേടാതെ ആദ്യ പന്തിലും പുറത്തായപ്പോൾ അഭിഷേക് ശർമ പുറത്താകാതെ 16 പന്തിൽ നിന്ന് 21 റൺസ് നേടി.
രാജസ്ഥാന് വേണ്ടി ചേതൻ സകറിയ, മുസ്തഫിസുർ റഹ്മാൻ, മഹിപാൽ ലോംറോർ എന്നിവർ ഓരോ വിക്കറ്റ് നേടി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്. അർദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ മികവിലാണ് ഭേദപ്പെട്ട സ്കോർ കുറിച്ചത്.
57 പന്തുകൾ നേരിട്ട സഞ്ജു മൂന്ന് സിക്‌സുകളുടെയും ഏഴ് ഫോറുകളുടെയും അകമ്പടിയോടെ 82 കുറിച്ചു. ഇതോടെ സീസണിലെ റൺവേട്ടക്കാരിൽ ധവാനെ മറികടന്ന് സഞ്ജു ഒന്നാമതായി.
രണ്ടാം ഓവറിൽ തന്നെ ഓപ്പണർ എവിൻ ലൂയിസിനെ (4 പന്തില്‍ 6) രാജസ്ഥാന് നഷ്ടമായി. പിന്നീട് സഞ്ജുവും യശ്വസ്വി ജെയ്‌സ്വാളും ചേർന്ന് പതിയെ രാജസ്ഥാനെ മുന്നോട്ട് നയിച്ചെങ്കിലും 23 പന്തില്‍ 36 റണ്‍സുമായി നിൽക്കേ ജെയ്‌സ്വാളിനെ സന്ദീപ് ശർമ്മ ക്ലീൻ ബൗൾഡാക്കി. ഉടനെ തന്നെ നാല് റൺസുമായി ലിവിങ്‌സ്റ്റണും മടങ്ങി. റാഷിദ് ഖാനായിരുന്നു വിക്കറ്റ്.
പിന്നീട് മഹിപാൽ ലാംറോറിനൊപ്പം സഞ്ജു രാജസ്ഥാനെ പൊരുതാനുള്ള സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഇവരുടെ സെഞ്ചുറി കൂട്ടുകെട്ട് അവസാന ഓവറിൽ സിദ്ധാർഥ് കൗൾ സഞ്ജുവിനെ വീഴ്ത്തിയതോടെയാണ് അവസാനിച്ചത്. പിന്നീട് എത്തിയ റിയാൻ പരാഗ് റൺസൊന്നും നേടാതെ പുറത്തായി. ലോംറോർ 28 പന്തിൽ 29 റൺസുമായി പുറത്താകാതെ നിന്നു.
സൺറൈസേഴ്സിന് വേണ്ടി സിദ്ധാർഥ് കൗൾ രണ്ട് വിക്കറ്റും സന്ദീപ് ശർമ്മ, ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റും നേടി.
മത്സരത്തിൽ ഹൈദരാബാദിനെ പരാജയപ്പെടുത്താനായാൽ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താം. ഒൻപത് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ആർആർ നിലവിൽ റാങ്കിംഗിൽ ഏഴാം സ്ഥാനത്താണ്. അതേസമയം ഒരു വിജയവും എട്ട് തോൽവിയുമുള്ള എസ്‌ആർഎച്ചിന്റെ പ്ലേ സാധ്യതകൾ ഇതിനകം തന്നെ അസ്തമിച്ചതാണ്.
No comments